ഓരോരോ കളികള്‍

കളികളോരോന്നു
തോല്‍ക്കുമ്പോഴും
അവനൊരു കവിതയെഴുതും.
കിടപ്പാടം വിറ്റും
കേസ് നടത്തുന്നൊരു
വല്യച്ഛന്‍ കവിത.

അയലത്തെ വരികളിലെങ്ങുമൊരു
കാലൊച്ച പോലുമില്ലാത്ത,
ജപ്തി കാത്തു കിടക്കുന്നൊരു 
കവിതയില്‍
മുഖമൊളിപ്പിച്ചവനനാഥനാകും.

വരികള്‍ കരിഞ്ഞ്
അക്ഷരങ്ങളുണങ്ങി
ഒടുവിലവന്‍റെ
കവിതയൊരു
മരുഭൂമിയാകും

അങ്ങനെ-
യങ്ങനെ
ഒരു കവിതയവനെ
വരിയടച്ച്‌ പിണ്ഡം വെക്കുന്നതോടെ
അവന്‍റെ കഥയും കഴിയും!