' അയ്യേ..ചായക്കൊരു അവിഞ്ഞ ടേസ്റ്റ്..! എന്താ ഇത് ?
'എരുമപ്പാലാണ്.'' കൂട്ടുകാരന്‍ പറഞ്ഞു.
പശുവിന്‍ പാലും അമ്മിഞ്ഞപ്പാലുമല്ലാതെ വേറൊരു പാലുമെനിക്ക് ഇഷ്ട്ടമല്ല. അതുകൊണ്ടു ഇന്നുമുതല്‍ ചായ കാന്‍സെല്‍..!!
മലോലെ റഷീദ്ക്കാന്റെ മോളും ചെറിയമ്മേന്റെ നാത്തൂന്റെ മോനും പിന്നെ എന്റെ കൂടെ പഠിച്ച ചില തെണ്ടികളും വലിയ നിലയിലെത്തിയത് ബംഗ്ലൂരില്‍ വന്നു ജോലി അന്വേഷിച്ചതുകൊണ്ടാണെന്ന ഒറ്റ കാരണം കൊണ്ടാണ് , ഞമ്മളെ മഴയും, ഞമ്മളെ പുഴയും,ഞമ്മളെ റേഷന്‍ പീടികയുമൊക്കെ വിട്ടു ഞാന്‍ ഇവിടെ വന്നത്. എത്രയും പെട്ടന്നു ഒരു ജോലി പിടിക്കണം. ക്ലാവ് പിടിച്ച റെസ്യൂമും മറ്റു കുന്ത്രാണ്ടങ്ങളുമെടുത്തു ചങ്ങായിമാര്‍ക്കൊപ്പം കപ്പലിലെ കൂറയെപ്പോലെ ബംഗ്ലൂരിന്റെ ഊടുവഴികളിലേക്ക് ഞാനും ഊളിയിട്ടു. ഒരുപാട് കെട്ടിടങ്ങളും, വലിയ വലിയ കമ്പനികളും, ഷോപ്പിംഗ് മാളുകളുമൊക്കെയായി ബംഗ്ലൂരങ്ങനെ മലര്‍ന്നു കിടക്കുകയാണ്. അതിലെവിടെയോ എനിക്കിരുന്നു കറങ്ങാനുള്ള കസേര അന്വേഷിച്ചു ഞാനിപ്പോള്‍ വട്ടം കറങ്ങുകയാണ്.
' ദോണ്ടേ, ടോയ് ലറ്റിനു വേണ്ടി മാത്രമായി അഞ്ചെട്ടു നിലയുള്ള വലിയൊരു കെട്ടിടം!!! ഈശ്വരാ ഇതിനുമാത്രം മൂത്രമൊക്കെ ആരാണപ്പാ ഒഴിക്കുന്നത്? പിന്നൊരിക്കല്‍ മറ്റൊരു സ്ഥലത്ത് പോയപ്പോള്‍ ദാ അവിടേം കിടക്കുന്നു വലിയൊരു ടോയ് ലറ്റ് കെട്ടിടം. വല്ലാത്തൊരു ഹൈടെക് സിറ്റി തന്നെ..! അന്തം വിട്ടു കുന്തം വിഴുങ്ങിയ കണ്ണുകള്‍ ആ എട്ടുനിലക്കെട്ടിടത്തിന്റെ ബോര്‍ഡിലൊന്നൂടെ പതിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത് , TOILET എന്നല്ല എഴുതിയിരിക്കുന്നത് TO LET എന്നാണ് .ഛെ..!!
പണി പാളീന്നാ തോന്നുന്നേ. വന്നിട്ടിപ്പം ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. തലയെടുപ്പും മുലയെടുപ്പുമുള്ള കുറേ പെണ്ണുങ്ങളെ കണ്ടതല്ലാതെ, ജോലികളൊന്നും ശരിയാകുന്ന ലക്ഷണമൊന്നും കാണുന്നില്ല. ജീവിതമൊന്നു പച്ചപിടിപ്പിക്കാനുള്ള തന്ത്രപ്പാടില്‍ പച്ചയായ ജീവിതമെന്താണെന്ന് ശരിക്കും പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാസ്സ്പോര്‍ട്ട് എന്‍ക്വയറിക്കുവേണ്ടി എനിക്കൊന്നു നാട്ടില്‍ പോകേണ്ടി വന്നത്.
അങ്ങനെ യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സില്‍ വീണ്ടും നാട്ടിലേക്ക് . രാത്രി 8 മണിക്കാണ് ട്രയിന്‍. ഒരുവിധം ഓടിപ്പിടിച്ച് അവിടെയെത്തി. മോശമില്ലാത്ത തിരക്കുണ്ട്. ലേഡീസ് വല്ലാണ്ട് കമ്മി. സാധാരണ ട്രയിന്‍ യാത്ര എന്നെ നിരാശപ്പെടുത്താറില്ല. ഇതിപ്പം മരുന്നിനു പോലും ഒന്നിനേം കാണുന്നില്ല. ഒന്ന് രണ്ട് കമ്പാര്‍ട്ടുമെന്റില്‍ കയറിയിറങ്ങിയപ്പോള്‍ പ്രതീക്ഷയ്ക്ക് വകതന്നു കൊണ്ട്, ദാ ഇരിക്കുന്നു ഒരു സ്ത്രീജനം. പച്ച സാരിയാണ് വേഷം.കൈലൊരു ഹാന്‍ഡ് ബാഗ്. എതാണ്ട് ഇരുപത്തൊമ്പതു വയസ്സും നാല് മാസവും പ്രായം കാണും.വെളുത്തിട്ടാണ്. കടലാഴങ്ങളെ ഒളിപ്പിച്ച കണ്ണിണകളും സന്ധ്യപോല്‍ ശോണിമയാര്‍ന്ന കീഴ്ച്ചുണ്ടും, കവടീ മണിപോലെ..ഛെ..ഛെ ഇല്ല, അധികം ചളമാക്കുന്നില്ല. ചുരുക്കി പറഞ്ഞാല്‍ സുന്ദരി. സാരിയുടുക്കുന്ന സ്ത്രീകളോട് എനിക്കു തോന്നാറുള്ള അഭൗമമായ ബഹുമാനവും അക്ലാന്തരികമായ താല്‍പര്യവും കാരണം ഒട്ടും അമാന്തിക്കാതെ അങ്ങോട്ടു ചെന്നു. ഭാഗ്യം അവിടെ ഒരു സീറ്റ് ഒഴിവുണ്ട്. അത് ഭര്‍ത്താവിന്റെതാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു,
" madam can i sit here ?"
അവര്‍ മുഖമുയര്‍ത്തി എന്നെ നോക്കി ഒന്നിരുത്തി മൂളി.
" ഉം".ഞാനിരുന്നു.
ട്രയിന്‍ ഓടി തുടങ്ങി. ഞാന്‍ ബാഗില്‍ നിന്നു ജോണ്‍ ഗ്രിബ്ബിന്റെ ' Deep Simplicity ' എടുത്തു വായിക്കന്നതുപോലെ അഭിനയിച്ചു. ഇവരുടെ ഭര്‍ത്തവൊരു പട്ടാളക്കാരനായിരിക്കുമോ? അങ്ങേര്‍ക്കു വെടിവെക്കാനൊക്കെ അറിയുമോ ആവൊ? അയ്യേ..!ഇങ്ങനെ മനസ്സിലോരോന്നു നിരീച്ചുകൊണ്ടങ്ങനെയിരുന്നു. പെട്ടന്നവരുടെ ഫോണ്‍ റിംഗ് ചെയ്തു.
'' ആ..അതേടീ കിട്ടി. സീറ്റൊക്കെയുണ്ട് കുഴപ്പമില്ല. ദാ ഇപ്പൊ വണ്ടി എടുത്തതേയുള്ളൂ. നാളെ എത്തീട്ട് വിളിക്കാം ഞാന്‍." അവര്‍ ഫോണിലാരോടോ പറഞ്ഞു. ഫയര്‍ മാഗസിനില്‍ യാത്രാകഥകളെഴുതാറുള്ള ബെന്നിചേട്ടനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ കേറി മുട്ടാന്‍ തന്നെ തീരുമാനിച്ചു.
" ശോ..മലയാളിയായിരുന്നല്ലേ", ഞാന്‍ തുടങ്ങി.
"അതെ".
"എങ്ങോട്ടേക്കാ?"
"വടകര"
"ആഹാ..ഞാനും അങ്ങോട്ടേക്ക് തന്നെയാ. എന്റെ പേര് അനൂപ്, ചേച്ചിയുടെ പേരെന്താ?''
"രേഖ"
"ശ്രീരേഖയോ ശ്രീമതിരേഖയോ?"
" വെറും രേഖയാണേ", ഒരു ചെറുപുഞ്ചിരിയോടെ മറുപടി തന്നു. എന്നിട്ടൊരു വൃത്തികെട്ട മറു ചോദ്യവും,
"മോന്‍ ബംഗ്ലൂരിലാണോ പഠിക്കുന്നത്?"
ഈ നാട്ടുകാര്‍ക്കൊക്കെ ഇതെന്തിന്റെ കേടാ. ഇനിയെന്നാണ് എന്നെ ഒരു വലിയ ആളായി കാണാന്‍ പോകുന്നത്, കുഴിയിലേക്കെടുക്കുമ്പോളോ? പട്ടികള്‍.
" ഞാന്‍ മോനൊന്നുമല്ല. പഠിക്കുകയുമല്ല. U know am an employ in infosys !!" ഞാനല്‍പ്പം പരിഭവത്തോടെ പറഞ്ഞു.
" അയ്യോ ഞാനറിഞ്ഞില്ല. സോറി."
"Its okay ".
" ജോലിയൊക്കെ എങ്ങനെ ?''
"ഓ കുഴപ്പമൊന്നുമില്ലന്നെ.ആദ്യം റോബര്‍ട്ട് ഭോഷ്ക് (Robert Bosch) എന്ന കമ്പനിയിലായിരുന്നു.അവിടുന്ന് രണ്ടാഴ്ച മുന്‍പ് റിസൈന്‍ ചെയ്തു. വല്ലാത്ത വര്‍ക്ക് ലോഡാണെന്നേ. ഇപ്പൊ ഇന്‍ഫോസിസിലാ. ശമ്പളം ഇത്തിരി കുറവാണേലും, ജോലി വല്ല്യ കുഴപ്പമില്ല." ഞാനൊട്ടും നാണമില്ലാതെ തട്ടി.
" എത്ര കിട്ടും ശമ്പളം?"
" അയ്യോ, തട്ടി മുട്ടി ജീവിച്ചു പോകാം. അത്രയേ ഉള്ളൂ. 32 -33 ആണേലും, പി.എഫും , ഗ്രാറ്റിവിറ്റിയുമൊക്കെ പിടിച്ചു ഏതാണ്ട് പത്തിരുപത്തെട്ടായിരമേ കയ്യില്‍ കിട്ടൂ."
" ഓഹോ, അപ്പം ചില്ലറക്കാരനല്ല" , രേഖ ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ക്കിടയിലെ ദൂരം തമിഴ് സിനിമ ചേച്ചിമാരുടെ തുണിപോലെ അനുനിമിഷം കുറഞ്ഞു വന്നു.
ഞാന്‍ : " ഏതാ മോഡല്‍ , ഒന്നു കാണിക്കാമോ?"
രേഖ ചേച്ചി : "ങേ..!!"
ഞാന്‍: "I mean ur mobile . ആരെയോ വിളിക്കുന്നത് കണ്ടല്ലോ, നേരത്തെ, അതോണ്ട് ചോദിച്ചതാ."
രേ ചേ : "ഓ..കാണിക്കാന്‍ മാത്രമൊന്നുമില്ല. ഇത്തിരി പഴയ മോഡലാ"
ഞാന്‍: "ഏതാ കണക്ഷന്‍ ?"
രേ ചേ :" ഐഡിയ"
ഞാന്‍: "An idea can change ur life എന്നല്ലേ! എത്രയാ നമ്പര്‍ ?"
രേ ചേ: " ഹ..ഹ..അതുവേണ്ട സാറെ. അങ്ങനെയിപ്പം ചേഞ്ച് ചെയ്യണ്ട."
ഞാന്‍ : "അല്ല, നമ്മളിത്രേം ക്ലോസായ സ്ഥിതിക്ക് ഇടയ്ക്കൊന്നു വിളിക്കണമെന്ന് തോന്നുമ്പോള്‍...അതാ..ബുദ്ധിമു
രേ ചേ: " വിളിക്കണമെന്ന് തോന്നുകയാണെങ്കില്‍ ഞാന്‍ വിളിച്ചോളാം. നിന്റെ നമ്പര്‍ തന്നോളൂ"
ആ നമ്പര്‍ പാളിയെങ്കിലും ഞാന്‍ നമ്പര്‍ കൊടുത്തു.
"ഞാനിതാദ്യമായിട്ടാ ജനറല്‍ കംബാര്‍ട്ട്മെന്റില്‍, പെട്ടന്നായതുകൊണ്ട് റിസര്‍വ് ചെയ്യാന്‍ പറ്റിയില്ല. ഇതിലൊക്കെ പോകുന്നവരെ സമ്മതിക്കണം.എന്താ തിരക്ക്..!!" ഞാനടുത്ത വെടി പൊട്ടിച്ചു.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു സമയം പോയി. 12 -12 .30 ആയി. അല്ലാവരും ഉറങ്ങി.ഞങ്ങള് തമ്മിലുള്ള ആ സൌഹൃദ ബന്ധം വളര്‍ന്നു അതൊരു അവിഹിതബന്ധമായി പിന്നീടൊരു ലൈംഗികബന്ധത്തില്‍ കലാശിച്ചു എന്നാരും കരുതിയേക്കരുത്. എല്ലാരേം പോലെ ഞങ്ങളും ഉറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റു. വടകരയെത്തി.ഞങ്ങള് രണ്ടുപേരുമിറങ്ങി. പോകാനായപ്പോള്‍ ഞാന്‍ ചോദിച്ചു ,
" എന്നാണിനിയൊന്നു കാണുക? ഇനിയെന്ന് ഈ ലൈഫില്‍ ഒന്നൊപ്പം സഞ്ചരിക്കുക ?"
" കാണാം. ഞാനുണ്ടാകും ഈ ജീവിതത്തിനോപ്പവും, അതിനു ശേഷവും. എന്താ പോരെ ? ബൈ അനൂപ് "
അങ്ങനെ ആ രേഖ മാഞ്ഞു പോയി.
ഒരാഴ്ച കഴിഞ്ഞു. ഇന്നന്റെ മൊബൈലില്‍ ഒരു കോള്‍. എടുത്തപ്പോള്‍,
" ഹലോ..അനൂപല്ലേ ? ഇത് രേഖയാണ്. ട്രെയിനില്‍ വച്ച് പരിചയപ്പെട്ട...
ഇയാള്‍ക്ക് തിരക്കില്ലെങ്കില്‍ എനിക്കൊന്നു അര്‍ജന്റായിട്ടു കാണണം. വടകര വരണം. M .R .A ഹോട്ടലിലോട്ടു വരൂ, ഒരു മൂന്നു മണിക്ക്."
" ഇല്ല..തിരക്കില്ല.ഞാന്‍ വരാം ഓക്കേ."
ഞാനാകെ ത്രില്ലടിച്ചു. കുളിച്ചു കുട്ടപ്പനായി, സ്പ്രേയൊക്കെ അടിച്ചു സമയത്തിനു തന്നെ അവിടെയെത്തി.
കോഫിയ്ക്ക് ഓര്‍ഡര്‍ ചെയ്തു ഞങ്ങളിരുന്നു. അവര്‍ വലിയ ഗൌരവത്തിലാണ്. ബാഗു തുറന്നു എന്തൊക്കെയോ കടലാസും ഫയലുമൊക്കെയെടുത്തു മേശപ്പുറത്തു വച്ചു. എന്നിട്ടൊരൊറ്റ പറച്ചിലും,
"നീയൊരു പോളിസിയെടുക്കണം..!!"
" പോളിസിയോ? എന്തു പോളിസി ?"
" LIC പോളിസി. എനിക്ക് ഈ വര്‍ഷത്തെ കോട്ട തികയ്ക്കാന്‍ ഒരു പോളിസി കൂടി വേണം. നിനക്കാണെങ്കില്‍ കുഴപ്പമൊന്നുമില്ലലോ. നല്ല ശമ്പളമൊക്കെയില്ലേ. I T പ്രൊഫഷണല്സിനു പറ്റിയ സ്കീമുണ്ട്. എടുക്കട്ടെ?"
എന്റെ കണ്ണിലൂടേം കാതിലൂടേം കിളി പറന്നു. അഞ്ചു പൈസ ഇന്‍കം ഇല്ലാത്ത എനിക്കൊക്കെ പറ്റിയ സ്കീമും കാണുമോ ഇവരുടെ കയ്യില്‍..! ഞാനാകെ വിളറി.സത്യം പറഞ്ഞാലോ.
പുള്ളിക്കാരി ഒരുമ്പട്ടു തന്നെയാണ് വന്നിരിക്കുന്നത്. ഞാന്‍ മറുത്തെന്തെങ്കിലും പറയുന്നതിന് മുന്‍പ് അവര്‍ ഡോക്യുമെന്‍ററി തയ്യാറാക്കി കഴിഞ്ഞിരുന്നു. എന്നെക്കൊണ്ടതില്‍ ഒപ്പും വെപ്പിച്ചു.
" മാസം 2800 രൂപയെ അടയ്കെണ്ടൂ. നല്ല സ്കീമാണ്. ഐ ടി പിള്ളേര്‍ക്ക് പറ്റിയതാ."
അപ്പോഴേക്കും കോഫിയെത്തി.
വെയിറ്റര്‍ : " കഴിക്കാനെന്താ ? പൊറാട്ട, ചപ്പാത്തി, ചിക്കന്‍ ചില്ലി, ചിക്കന്‍ കബാബ് , ചിക്കന്‍ മഞ്ചൂരി, ചിക്കന്‍ 65 ..!!"
എക്സ്ട്രാ സ്കീം
"LIC of India , ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും."
ഞാന്‍ സൈഡായി നടത്തികൊണ്ട് പോകുന്ന LIC എജന്‍സിയുടെ പ്രൊമോഷന് വേണ്ടിയാണ് ഇത് എഴുതിയതെന്നു, എന്നെ പരിചയമുള്ള ചില പരിശകള്‍ പറഞ്ഞേക്കാം. വിശ്വസിക്കരുത്..!!