കടി

പേ-
പ്പട്ടി കടിച്ചാല്‍
പേ.
പാമ്പു കടിച്ചാല്‍
മരണം.
അരണ കടിച്ചാല്‍
ഉടനെ മരണം.

നീ
എന്നെ കടിക്കുമ്പോഴോ
ഞാന്‍
നിന്നെ കടിക്കുമ്പോഴോ
നമ്മളിലാരും മരിക്കാത്തതെന്തേ?
നമ്മള്‍ക്ക്
വിഷമില്ലാത്തതുകൊണ്ടാണെന്ന്  കരുതുന്നുവോ ?

പ്രണയപ്പേ-
യിളകുമ്പോള്‍
നമ്മുടെ വിഷപ്പല്ലുകള്‍
മോണയുടെ കമ്പിളി പുതച്ച്
ശൈത്യമകറ്റുകയാവും.

ജാനകികുട്ടീ
പ്രേമത്തിനു
പല്ലില്ല!!

അനന്തം അജ്ഞാതം

സ്ട്രെയിറ്റായിട്ട് ഒരു കഥ പറയാം. ഒരു ആണിന്റെയും പെണ്ണിന്റെയും കഥ. വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഒരു ആര്‍ട്ട്സ് കോളേജ് പശ്ചാതലം. ഡിഗ്രീ ഫസ്റ്റ് ഇയറിനു പഠിക്കുന്ന കഥാനായകന്‍ ശ്രീജിത്തിന്(പേര് വ്യാജം ) തന്‍റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയോട് ഇഷ്ട്ടം തോന്നുന്നു. ഇഷ്ടം എന്ന് വച്ചാല്‍ ഭയങ്കര ഇഷ്ടം. കാര്യം അറിയിച്ചപ്പോള്‍ എന്താ കഥ? പെണ്‍കുട്ടിക്ക് ദേഷ്യം. ദേഷ്യം എന്ന് വച്ചാല്‍ ഭയങ്കര ദേഷ്യം. ഇഷ്ടപ്പെടുന്നത് പോയിട്ട് ,നീ എന്നെ പറ്റി ആലോചിക്കുന്നത് പോലും എനിക്കിഷ്ടമല്ലെന്ന് അവള്‍ തീര്‍ത്ത്‌ പറഞ്ഞു.
പക്ഷേ അയാള്‍ പ്രണയത്തിന്‍റെ ഹോമിയോ ഗുളികകള്‍ കഴിച്ചു കൊണ്ടേയിരുന്നു. വൈകിയാണെങ്കിലും ഫലം സുനിശ്ചിതമാണെന്ന് അയാള്‍ വിശ്വസിച്ചിരുന്നു.
രണ്ടാം  വര്‍ഷമായപ്പോള്‍ അയാളുടെ സുഹൃത്തുകള്‍ ചോദിച്ചു,
''നീ അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?''
''ഉണ്ട് ,അതിലേറെ !''- അയാള്‍.
അവളുടെ സുഹൃത്തുകള്‍ ചോദിച്ചു,
''നിനക്ക് അവനോട് ഇപ്പോഴും ദേഷ്യമുണ്ടോ?''
''ഉണ്ട് ,അതിലേറെ !''- അവള്‍.
മൂന്നാം വര്‍ഷം അവസാനമായിട്ടും ആരുടെ സമീപനത്തിലും ഒരു മാറ്റവുമില്ല.
സെന്‍റ് ഓഫ് ഡേ.മുറിഞ്ഞൊരു സന്ധ്യ. മധുരസ്വപ്‌നങ്ങള്‍ ചേക്കേറും നേരത്ത് അവള്‍ വന്നു. എന്നിട്ട് ഒടുക്കത്തെ ഒരു ഡയലോഗും;
''ശ്രീജിത്തേ, വേറെ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാമെന്ന് നീ സ്വപ്നത്തില്‍ പോലും വിചാരിക്കേണ്ട ട്ടോ!!''
ട്യൂം...:)
ഇപ്പോള്‍ ഈ ശ്രീജിത്തേട്ടന്‍ ഒരു ബാങ്ക് മാനേജര്‍ ആണ്, ആ പെണ്‍കുട്ടി അദ്ദേഹത്തിന്റെ ഭാര്യയും!
എല്ലാം ശുഭം. ധന്യം.

എന്താണ് നമ്മുടെ പെണ്‍കുട്ടികള്‍ ഇങ്ങനെ?

പെണ്‍മനസ്സ്, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലത്തൊരു ആകാശഗോളമാണ്‌ . ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഓരോ വാക്കും എത്ര പ്രകാശവര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടുന്ന് പുറപ്പെട്ടതാവും? ഈ നിമിഷത്തില്‍ അവളുടെ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ നമ്മളിനിയുമെത്ര കാതം കാത്തിരിക്കണം ?
പെണ്‍മനസ്സിന്‍റെ ഭാഷ  പഠിപ്പിക്കുന്നത് ഏതു യൂണിവേഴ്സിറ്റിയാണ്?
സ്ട്രെയിറ്റായിട്ടുള്ള ഈ കഥയ്ക്ക്‌ പിന്നിലെ സ്ട്രെയിറ്റല്ലാത്ത ലക്‌ഷ്യം നീ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ, നേരമില്ലാത്ത ഈ നേരത്ത് റോസ്മേരിയുടെ ഒരു കവിതകൂടി പറഞ്ഞു ഞാന്‍ നിര്‍ത്തട്ടെ...

            നിന്‍റെ മേൽ വർഷിയ്ക്കപ്പെടുന്ന സ്നേഹം
            നിലാവിനെയാവാഹിയ്ക്കാൻ ശ്രമിയ്ക്കും പോലെ,
            കാറ്റിനെ കരാശ്ലേഷത്തിലമർത്താൻ തുനിയുമ്പോലെ
            മധുരമായ ഒരു നിഷ്ഫലതയാണെന്ന്
           എനിയ്ക്കു നന്നായറിയാം.
           എങ്കിലും,
           നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു...!

കേന്ദ്രഭരണ പ്രദേശങ്ങള്‍

നീ വരും നേരങ്ങളിലെന്‍റെ
കണ്ണ്, ചുണ്ട്, പല്ല്, നാവ്
എല്ലാം
കേന്ദ്രഭരണ പ്രദേശങ്ങളാവുകയാണ് !

 പിന്നേം പിന്നേം
കാണരുത്.
കണ്ടാല്‍
മിണ്ടരുത്.
തുടങ്ങിയ നിന്‍റെ വിലക്കുകള്‍ ഭേദിക്കുന്നത്,
അന്നേരങ്ങളിലിതൊന്നും 
എന്‍റെ / സംസ്ഥാനത്തിന്‍റെ
അധികാരപരിധിയില്‍ പെടാത്തതുകൊണ്ടല്ലേ !

 നിനക്കൊരു സത്യമറിയാമോ?
നീ വരും നേരങ്ങളിലെന്‍റെ
സംസ്ഥാനമേ രൂപീകൃതമായിട്ടില്ല !