കാത്സ്യം കോക്കൊ ആല്‍ക്കഹോളേറ്റ്

                                      സായംസന്ധ്യകളില്‍ സ്ഥലത്തെ പ്രമുഖ രാഷ്ട്രീയമീംമാംസകരൊക്കെ ഒത്തുചേരുന്ന ഒരു സദസ്സ്  ഉണ്ട് ഞങ്ങളുടെ നാട്ടില്‍. സംസ്കാരമില്ലാത്ത ചിലര്‍ ഈ കൂട്ടായ്മയെ 'ജാനകീ ബാര്‍' എന്നൊക്കെ വിളിച്ചു പോരുന്നു. മേല്‍ പറഞ്ഞ പ്രമുഖര്‍ അവിടെയിരുന്നു ജാനകിയേട്ത്തിയുടെ സ്പെഷ്യല്‍ 'നാടനും' ഒപ്പം ടച്ചിങ്ങിന് നല്ല പൊള്ളിച്ച മീനുമായി ഘോരഘോരം രാഷ്ട്രീയം പറയുന്നതിനാല്‍ ബാറോരമേഖലയിലെ എത്ര കുട്ടികള്‍ക്കാണ് സാമൂഹ്യപാഠത്തില്‍ അമ്പതിലമ്പത്  കിട്ടിയതെന്നറിയാമോ?. ഇങ്ങനെയുള്ള ഈ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ സുട്ടു അണ്ണന്‍ നയിക്കുന്ന ഒരു പണിയുമില്ലാത്ത ഞാനടക്കമുള്ള നിരവധിയനവധി യുവാക്കളുടെ ഒരു കൊച്ചു സംഘം മനയ്ക്കലെ പടിപ്പുരയില്‍ തമ്പടിക്കും. അവിടെയിരുന്നു ഞങ്ങളാ പഴയ പാട്ട് റീമിക്സ് ചെയ്തു ഉറക്കെ പാടും,
                '' ആദിയില്ലലോരന്തമില്ലല്ലോ
                  ലക്കാ ലംബോ ലായുഗത്തില്‍..
                  ഹോയ്...ഹോയ്...
                  ജോലിയില്ലല്ലോ കൂലിയില്ലല്ലോ
                  ലക്കാ ലംബോ ലീയുഗത്തില്‍..!!
                  ഹോയ്...ഹോയ്...
                       ഈ പടിപ്പുരയുടെ മുന്‍പിലൂടെയാണ്  എല്ലാ ബഹു: കുടിയന്മാരും ജാനകീ ബാറിലേക്ക് രണ്ടുകാലില്‍ പോകുന്നതും തിരിച്ചു നാലുകാലില്‍ വരുന്നതും. ഞങ്ങളാണെങ്കില്‍ കോളേജു ജീവിതത്തിനു ശേഷം ബാറുജീവിതം അറിഞ്ഞിട്ടില്ലത്തവരും. നാട്ടില്‍ മാന്യന്മാരായാലുള്ള പ്രശ്നമാണിത് . എത്ര ദൂരം പോയിട്ടാണ് ഒരു 'സ്വര്‍ണം' വലിക്കുന്നതെന്ന് അറിയാമോ? അതുകൊണ്ടു തന്നെ തിരിച്ചു വരുന്ന കുടിയന്‍മാരോട് ഞങ്ങള്‍ ഒരുപാട് സംസാരിക്കും, ഒരു രണ്ട് മൂന്നു മണിക്കൂര്‍ നേരത്തേയ്ക്ക്  നല്ല കിക്കിനു അതുമതി !
                    ഐസ് ക്രീമിനെ പറ്റി പറയുമ്പോള്‍ കുഞ്ഞാലികുട്ടിയെ
മറക്കാന്‍ പറ്റ്വോ? ജറ്റ് വിമാനങ്ങളെ പറ്റി പറയുമ്പോള്‍ ജോസഫിനെ മറക്കാന്‍ പറ്റ്വോ? അതുപോലെ തന്നെ മദ്യത്തെ പറ്റി പറയുമ്പോള്‍ വിസ്മരിക്കാന്‍ പറ്റാത്ത ഒരു മഹദ് വ്യക്തിത്വമാണ് എളോന  ഉണ്ണി കൈമള്‍ എന്ന ഞങ്ങളുടെ സ്വന്തം ഉണ്ണിയേട്ടന്‍. മുലകുടി നിര്‍ത്തിയ അന്നുമുതല്‍ കള്ളുകുടി തുടങ്ങിയ അങ്ങേരുമായി ഞങ്ങള്‍ എന്നും ഒരുപാട് സംസാരിക്കും. അന്നാണ് , പെണ്ണല്ലാതെ മറ്റൊരു ലഹരിയുമില്ലത്ത ഞങ്ങളുടെ ഷരുമോന്‍ മഹത്തായ ആ ചോദ്യം തൊടുത്തു വിട്ടതും, ഉണ്ണിയേട്ടന്‍ വിപ്ലവാത്മകമായ ആ ഉത്തരം തിരിച്ചു വിട്ടതും..!
ചോദ്യം ഇതായിരുന്നു,
  '' എന്നെങ്കിലുമൊരിക്കല്‍  ജാനകിയേട്ത്തി ഈ ബാറങ്ങു  അടച്ചു പൂട്ടിയാല്‍ ഉണ്ണിയേട്ടനെന്തു  ചെയ്യും?''
ഉണ്ണിയേട്ടന്‍ പറഞ്ഞു ,
 '' മക്കളെ..പൊന്നു മക്കളെ.. ജാനകിയെട്ത്തിയല്ല, ബീവറേജസ് കോര്‍പ്പറെഷന്‍ തന്നെ അടച്ചുപൂട്ടിയാലും ഈ ഉണ്ണി ജീവിക്കും..കുടിച്ചു തന്നെ ജീവിക്കും. ഞാനിതൊന്നും വെള്ളത്തിന്റെ മോളീ പറയുകയാണെന്ന് വിചാരിക്കരുത് .നിങ്ങള്‍ക്കറിയാമോ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് , നാട്ടിലിറങ്ങി കൂട്ടം കൂടിയിരുന്നു വെള്ളമടിക്കാന്‍ പറ്റാതിരുന്ന ആ കാലത്ത് പോലും ഈ ഉണ്ണി അടിച്ചിട്ടുണ്ട്. അതിനുള്ള ട്രിക്കൊക്കെ  എന്റെ കയ്യിലുണ്ട്.''

അതെന്തു ട്രിക്ക് ???


ഉണ്ണിയേട്ടന്‍ വീണ്ടും,
 '' കുട്ടികളേ നിങ്ങളീ നിഗൂഡ രഹസ്യം പരസ്യമാക്കിലെങ്കില്‍ ഞാന്‍ പറയാം. നിങ്ങളീ ചെന്തെങ്ങ് കണ്ടിട്ടുണ്ടോ? ആദ്യം ആ ചെന്തെങ്ങിന്റെ ഇളനീര്‍ വെട്ടികൊണ്ടു വര്വാ, എന്നിട്ടതിന്റെ മുകള്‍ ഭാഗം കൊയ്യക്കാര് ചെത്തുന്നത് പോലെ പൊട്ടിക്കാതെ,വെള്ളം പുറത്തു വരാതെ വൃത്തിയായി ചെത്തിക്കളയ്വാ, ന്നിട്ട് ഒരു സഞ്ചി നിറയെ ചൂളയില്‍ നിന്നും കിട്ടുന്ന, ഈ കുമ്മായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇത്തിളുകള്‍ സംഘടിപ്പിക്കുക. ഇനി കുറച്ചു ഇത്തിളുകള്‍ നിലത്തു വിരിച്ചിട്ടു അതിന്‍റെ മുകളിലായി ഇളനീര്‍ അങ്ങനെ കുത്തനെ നിര്‍ത്തിയിട്ടു വീണ്ടും ഇളനീരിന്റെ മുകളിലായി അല്‍പ്പം കൂടി ഇത്തിള് വിതറുക. ഇനി ഇച്ചിരി പച്ചവെള്ളം അതിന്‍റെ മുകളിലായിട്ടങ്ങട് തളിക്കുക. മതി. ഒരു രണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ട് ആ ഇളനീര് എടുത്തടിച്ചോ. മക്കളെ നേരത്തോടു നേരമാകണം കിക്ക് പോകണമെങ്കില്‍."
                       ഇത് കേള്‍ക്കേണ്ട താമസം ഞങ്ങളുടെ മനസ്സിലെ 'ബൈജു' സടകുടഞ്ഞെഴുനേറ്റു. അങ്ങനെയാണ് ആ വിശുദ്ധ മദ്യം ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. അമ്പുകുളങ്ങര  മുത്തുപ്പട്ടരെന്ന ഞങ്ങളുടെ സുഹൃത്തിന്റെ അയല്‍വാസിയായ പാറപ്പുറത്ത് ഷാഹിദാമ്മായീന്റെ പറമ്പില്‍ ചെന്തെങ്ങുണ്ട്. അമ്മായി കാണാതെ വേണം ഇളനീരിടാന്‍. അമ്മായീന്റെ മാരക ഫിഗറു കാരണം ലത്തീഫ് ക്ക പിന്നേം പിന്നേം ഇളനീരിട്ടതിന്റെ ഫലമായി മൂപ്പത്തിയാരിപ്പോള്‍ മൂന്നാമതും ഗര്‍ഭിണിയായിരിക്കുകയാണ് . അത് കാരണം ശര്‍ദ്ധിയും മയക്കവുമൊക്കെയായി അവരങ്ങ് അടങ്ങി പോയി, പുറകു വശത്തോട്ടൊന്നും വരാന്‍ ചാന്‍സില്ല. ഞാനും മുത്തുവും അതി വിദഗ്ദ്ധമായി ഇളനീരിട്ടു കൊണ്ടു വന്നു. പരീക്ഷണമായതിനാല്‍  ഒന്നേ പറിച്ചുള്ളൂ. എന്നിട്ട് ഉണ്ണിയേട്ടന്‍ പറഞ്ഞത് പോലെ രഹസ്യമായി ഒരിടത്ത് ഇത്തിളൊക്കെ വിരിച്ചു, വെള്ളമൊക്കെ തളിച്ച് വെച്ചു. മൂന്നു മണിക്കൂറായപ്പോള്‍  ഇളനീരുമായി മുത്തുവിന്റെ വീട്ടിലേക്കു പോയി.
                     വെള്ളമുണ്ടും ഭസ്മക്കുറിയുമില്ലാതെ ഞാന്‍ സാധാരണ വെള്ളമടി പതിവില്ല. 'ശൂ' ന്ന് കുളിക്കാനായി ഞാന്‍ വീട്ടിലേക്കോടി, അവന്‍ പടിപ്പുരയിലെക്കും നടന്നു. പത്തു മിനുട്ടുകൊണ്ട് കുളിച്ചു കുറീം തൊട്ടു അവനേം കൂട്ടി ഞാന്‍ അവന്റെ വീട്ടിലേക്കോടി.
ട്യൂം..!!! 

ഇളനീരില്ല..! 
മുറ്റത്തെ മതിലിന്റെടുത്തു വച്ചിരുന്ന ഇളനീരില്ല..!!
''അമ്മേ ഇളനീരെവിടെ?'' അവനലറി.
'' ഓ..അതാരാ അവിടെ കൊണ്ടാച്ചേ..? ന്തായാലും നന്നായി. അങ്ങട്ടേലെ  ഷാഹിദ കുറച്ചു നേരത്തെ ശര്‍ദ്ധിച്ചിട്ട്   തലചുറ്റി വീണ്. ഭാഗ്യത്തിന് തെങ്ങില്‍ കേറണ്ടി വന്നില്ല. ഞാനാ എടുത്തു കൊടുത്തെ അത്, നിന്നെ കൊണ്ടൊരുപയോഗമുണ്ടായല്ലോ നാട്ടാര്‍ക്ക്..! മതിയെടാ..എനിക്കതുമതി..'' അടുക്കളയില്‍ നിന്നും അമ്മയുടെ മറുപടി വന്നു.
അങ്ങ് ദൂരെ ചെന്തെങ്ങിന്‍ തോപ്പുകളില്‍ നിന്നും ഞങ്ങളാ പാട്ട് കേട്ടു..!!
                  ''പരുമല ചരുവിലെ പടിപ്പുരവീട്ടില്‍
 
                     പതിനെട്ടാം പട്ട തെങ്ങു വച്ചു...!!"
പച്ചടി വെച്ച കച്ചട്ടി പോലെയായ പാറപ്പുറത്ത് ലത്തീഫിന്റെ മുഖത്തു നിന്നു പിറ്റേന്ന് ഞങ്ങള്‍ക്കത് സ്പഷ്ട്ടമായി, ഇന്നലെ ഷാഹിദ താത്ത അഞ്ചാറു പതിനെട്ടാം പട്ടയെങ്കിലും വച്ച് കാണും. തീര്‍ച്ച.!!


ടച്ചിങ്ങ്സ്

 ഇത് വായിച്ചിട്ട് ആരെയെങ്കിലും മനസ്സില്‍ ലഡ്ഡു പൊട്ടിയെങ്കില്‍ അത് വെറുതെയായി. അങ്ങനെ ഓസിയില്‍ ഓ.സി.യാറിനേക്കാള്‍ മുന്തിയ ഈ ഐറ്റം ഉണ്ടാക്കിയടിക്കാം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാത്സ്യം കോക്കൊ ആല്‍ക്കഹോളേറ്റ് എന്ന ഈ  വിശുദ്ധ മദ്യത്തിന്റെ നിര്‍മാണ പ്രക്രിയയിലെ  അതി പ്രധാനമായ ഒരു സ്റ്റെപ്പ് ഞാന്‍ മനപ്പൂര്‍വം വിട്ടുകളഞ്ഞിട്ടുണ്ട്. അറിയാലോ എനിക്കൊരു ജോലിയുമില്ല. അതുകൊണ്ടു ആരെങ്കിലും എനിക്കൊരു ജോലി വാങ്ങി താ. ആ പുണ്യാത്മാവിനായി മിസ്സിംഗ്‌ സ്റ്റെപ്പ് ഞാന്‍ രഹസ്യമായി തന്നെ സൂക്ഷിച്ചോളാം.
' എന്റെ കയ്യിലുണ്ട് ആത്മവിശ്വാസം.., ഒപ്പം ഇലക്ട്രോണിക്സില്‍  ഒരു ബി ടെക് ഡിഗ്രിയും..!!

എന്‍ക്വയറി

തിരിച്ചറിയാനൊരു
കുത്തോ
കോമയോ
കാക്കപ്പുള്ളിയോ
മറുകോ
ഇല്ലാഞ്ഞതിനാല്‍
എനിക്കവര്‍
പാസ്പോര്‍ട്ട്‌
തന്നില്ല.

കറുത്ത്
കനത്തൊരു
വെട്ട്
എന്റെ
ഹൃദയം പിളര്‍ന്നിട്ടുകൂടി..!

ചില താരതമ്യ പഠനങ്ങള്‍

പൊടിതട്ടി
വൃത്തിയാക്കുമ്പോഴാണ്
കണ്ടത്.
തെക്കേമുറിയിലെ
അടച്ചിട്ട
ഷെല്‍ഫിലെ
അടിത്തട്ടിലിരുന്ന് ,
ഇനിയൊട്ടുമാവര്‍ത്തിക്കാ-
നിടയില്ലത്തൊരു
ശുഭ കാലമോര്‍ത്ത്
കണ്ണുകള്‍ കലങ്ങി,
ആ പഴയ
വി.സീ.പ്പി..!!

നിന്റെ
ഓര്‍മകളില്‍
പൂപ്പല്‍ പിടിക്കാത്തൊരു
പൂക്കാലമെങ്കിലുമുണ്ട്..!!
എനിക്കോ?