ബിയറു പോലൊരു ജീവിതം

                                സിദ്ധേട്ടന്‍ ഞങ്ങളുടെ ദലൈലാമയാണ്. ആത്മീയവും ഭൗതീകവുമായ എല്ലാ സംശയങ്ങളുടേയും അവസാന വാക്ക്.ഗുരു.വഴികാട്ടി.കൂട്ടുകാരന്‍. ഉപാദികളില്ലാതെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ച ഇദ്ദേഹം ഒരു കൊച്ചുകുട്ടിയുടെ അച്ഛനും വിവാഹിതനുമാണ്. വാക്കുകള്‍ കൊണ്ട് ആരെയും അപ്പാടെ സ്വാധീനിക്കാന്‍ കഴിവുള്ള, സൗഹൃദത്തിന്റെ ഈ വന്മതില്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും കൂടാതെ ടൗണില്‍ ഒരു സ്റ്റുഡിയോ നടത്തിവരികയുമാണ്.

                               വിയര്‍ത്തൊട്ടിയൊരു വൈകുന്നേരം ശ്രീമണി ബാറിന്റെ ബസ്സ്‌ സ്റ്റാന്റ്ലേക്ക് തുറക്കുന്ന ജനലഴികലുള്ള കോണിലെ ഇരിപ്പിടങ്ങളിലിരുന്നു ഞാനും സിദ്ധേട്ടനും പൊള്ളുന്ന ഉള്ളിലേക്ക് ബിയറിന്റെ തണുപ്പ കുടിച്ചിറക്കുകയായിരുന്നു.
'നിന്റെ മുഖത്തെനിക്കൊരു കാറ് കാണാം. എന്ത് പറ്റി അനിയാ?' കയ്യിലെ ബിയര്‍ഗ്ലസ്സ് താഴെ വച്ച് സിദ്ധേട്ടന്‍ ചോദിച്ചു.
'കാറോ ഏതു കാറ് ?' ഞാന്‍ കണ്ണ്‌ മിഴിച്ചു.
'ഓ..ഒന്നുമില്ല.നീ ബിയറടി..ബിയറടി..'
ശോ..അതായിരുന്നോ ഉദ്ദേശിച്ചത്. ബാറിലിരിക്കുമ്പോള്‍   വാക്കുകള്‍ ഒന്നുകൂടി തീവ്രമാക്കേണ്ടതുണ്ടെന്നു  ഞാന്‍ മറന്നു.
'ശരിയാണ് സിദ്ധേട്ടാ..
ഞാന്‍ തീര്‍ത്തും തനിച്ചായിരിക്കുന്നു.ഒപ്പം യാത്ര തുടങ്ങിയവരൊക്കെ ഈ വഴിത്താരയില്ലെന്നെ തനിച്ചാക്കി പോയ്ക്കളഞ്ഞിരിക്കുന്നു. അവര്‍ക്കൊക്കെ നന്മകള്‍ മാത്രം സംഭവിക്കെട്ടെ.എന്നാലും എന്റെ വഴികളെവിടെയൊക്കെയോ വച്ച് തെറ്റിയതുപോലെ. ഇങ്ങനെയായിരുന്നില്ല..ഇങ്ങനെയായിരുന്നില്ല ഞാന്‍. ഒട്ടും മുന്നോട്ടു പോകാനാകാതെ ഞാനിവിടെ തറഞ്ഞു കിടക്കുകയാണ്. ഒരു ചതുപ്പിന്റെ ആഴം എന്നെ മോഹിക്കുന്നത് പോലെ..ജീവിതത്തിന്റെ നട്ടുച്ചയില്‍ തനിച്ച്  ഞാന്‍..!!'
മുഖത്തുനിന്നു വാ വഴി വാക്കുകളുടെ കാറോടിതുടങ്ങി.

'നീയും ഞാനും എല്ലാവരും തനിച്ചത്രേ..!
''ഒരു ദൈവപുത്രനും
നിന്നെ തുണയ്ക്കുവാന്‍
വരില്ല, കാത്തിരിക്കേണ്ട
നീ മാത്രമേയുള്ളൂ
നിന്റെ മുക്തിക്ക് '' എന്ന് ദുഷ്ട്ടനായ ഒരു കവി പാടിയതു ത് മറന്നോ നീ..?
ജോലിയൊക്കെ കിട്ടും, വിഷമിക്കാതെ. നമ്മുടെയൊക്കെ ജീവിതം ഈ ബിയറുപോലെയല്ലേ കുട്ടാ..' സിദ്ധേട്ടന്‍ സമാധാനപ്പെടുത്തി.
'ബിയറു പോലെയോ..! അതെന്താ?'
'ഈ ബിയര്‍ എങ്ങനെയാ ഉണ്ടാക്കുന്നേ?'
'അത് എന്തൊക്കെയോ ഇട്ടു വാറ്റിയിട്ടല്ലേ?'
'എന്തൊക്കെയോ  അല്ല. ഗോതമ്പ് പോലുള്ള നല്ല നല്ല  ധാന്യങ്ങള്‍ വാറ്റിയിട്ട്. അങ്ങനെ ഉണ്ടായിട്ടുണ്ടായിട്ടുള്ള ഈ മഹനീയ പാനീയം കേടായി പോകാതിരിക്കാന്‍ ഹോപ്പ് എന്ന് പേരുള്ള ഒരു ചെടിയുടെ പുഷ്പ്പങ്ങള്‍ ചേര്‍ക്കുന്നുണ്ട്. അതുപോലെ വിലപിടിപ്പുള്ള പല സംഗതികളില്‍ നിന്നും സാംശീകരിച്ചെടുക്കുന്ന ഈ ജീവിതം, ഹോപ്പ്- പ്രതീക്ഷയുടെ പുല്‍നാമ്പുകളില്ലെങ്കില്‍ ചുമ്മാ പാഴായി പോകും.
so don't lose your hope until the end.''

''എന്റെ ആശാനെ അതൊരു പുത്തനുണര്‍വ്വാണല്ലോ! ഇതിന് ഉപഹാരമായിട്ടു നിന്റെ പൈസയ്ക്ക് നിനക്ക് ഞാനൊരു ബിയറു കൂടി ഓഡര്‍ ചെയ്യട്ടേ സിദ്ധാ..?''

''എനിക്കൊന്നും വേണ്ട. നിനക്ക് ഞാനൊരു ഉപഹാരം തരാം. അല്ലെങ്കില്‍ ഉപഹാരമായിട്ടു കരുതേണ്ട, ഔദാര്യമായി കൂട്ടിയാല്‍  മതി. നിന്റെ വലിയൊരു സ്വപ്നമല്ലേ തിരക്കഥ  എഴുതണം, സംവിധാനം ചെയ്യണം, സിനിമ പിടിക്കണം എന്നൊക്കെ. അതിനൊരു മുന്നൊരുക്കം എന്ന നിലയ്ക്ക് നിനക്ക് ഞാന്‍ ചെറിയൊരു അവസരം തരാം.''

എന്തവസരം ? എനിക്ക് ആകാംഷയായി.

''ഈ വരുന്ന എട്ടാം തിയതി കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ വച്ച് എനിക്കൊരു കല്യാണം കവര്‍ ചെയ്യാനുണ്ട്. എന്റെ അസിസ്റ്റന്റ് വീണ്ടും മുങ്ങിയ കാര്യം അറിഞ്ഞു കാണുമല്ലോ. അതുകൊണ്ട് വീഡിയോയ്ക്ക് ലൈറ്റ് അടിച്ചുതരാന്‍ നീ കൂടെ വരണം'
ഛെ !
അപ്പൊ എന്റെ ഇമേജ്..?'
''പ്പ..!!'

                               ഒടുവില്‍ അഞ്ഞൂറ് രൂപ എന്നത് മോഹിപ്പിക്കുന്ന ഒരു ഉപഹാരമായതിനാലും ,ഇമേജ് വെറുമൊരു മിഥ്യാനുഭൂതിയാണെന്നുള്ളതുകൊണ്ടും എല്ലാത്തിനുമുപരി ബിയറു തരുന്നവന്റെ കൈക്കു കൊത്തരുതെന്ന പുതുചൊല്ലിനെ മാനിച്ചും ഞാനതങ്ങു സമ്മതിച്ചു.വിചാരിച്ചത്ര മോശം പണിയൊന്നുമല്ല ഈ ലൈറ്റടി. ചായാഗ്രഹണത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യാം, നാരീജനങ്ങളെ വെളിച്ചം കൊണ്ട് കുളിപ്പിച്ച് നടക്കുകയും ചെയ്യാം. മിന്നല്‍ ആദ്യവും ഇടി പിന്നെയുമാണല്ലോ. ഞാന്‍ ലൈറ്റടി തുടര്‍ന്നു. ശരിക്കും ഇടിവെട്ടിയത്  പിന്നെയാണ്. മണ്ഡപത്തിലോട്ടു വധു വന്നു കയറിയപ്പോള്‍!
ഹൃദയത്തിന്റെ  മൈലേജ് മിനുട്ടില്‍  72 ല്‍ നിന്നും 80 ലോട്ട് ഉയര്‍ന്നു.
ശ്രീതു!
എന്റെ ശ്രീതു!!

                              വീണ്ടുമെന്നെങ്കിലുമൊരിക്കല്‍ ശ്രീതുവിനെ കണ്ടുമുട്ടുമെന്നത്, ഇത്രയും കാലം ഞാന്‍ പേറിയിരുന്നൊരു കാല്‍പനിക സ്വപ്നമായിരുന്നു. പക്ഷെ അത് ഇങ്ങനെയാവുമെന്നു ഒരിക്കലും കരുതിയിരുന്നില്ല. നിര്‍ബന്ധമായും എനിക്ക് ഈ സീന്‍ വിട്ടു പോകണമെന്ന് സിദ്ധേട്ടനോട് അപേക്ഷിച്ചെങ്കിലും, ഉള്ളടക്കം പോലും നോക്കാതെ ആ ബൂര്‍ഷ്വാ എന്റെ നിവേദനം തള്ളി.

                               നാദസ്വരമേളം തുടങ്ങി. ഈ ലോകത്തിലെ ഏറ്റവും അരോചകമായ സംഗീതം അതാണെന്നെനിക്ക്‌  തോന്നി. ഉള്ളിലെ സര്‍വ വെളിച്ചങ്ങളുമണഞ്ഞു പോയൊരു വിളക്കുമരമായി ഞാന്‍. കഴുത്തിലേക്കു താലി കയറുന്നതിന്റെ തൊട്ടു മുന്‍പ് അവളെന്നെയൊന്നു നോക്കി.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരായിരം കഥകളുടെ തിരിനാളമുറങ്ങുന്ന അവളുടെ കണ്മഷി കണ്‍ചിരാതുകളിലേക്ക് കഥയേതുമില്ലാതെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. പക്ഷെ ഇന്ന് ആ കണ്‍ ചൂണ്ടകള്‍ എന്നെ വേദനിപ്പിക്കുന്നു.

                                ജീവിതത്തില്‍ ഏറ്റവും നിഷ്കളങ്കതയോടെ പിടിച്ച സ്നേഹത്തിന്റെ ചെറുവിരല്‍തുമ്പായിരുന്നു അവള്‍! 5 -B യില്‍ നിന്നും 5 -D യിലേക്കുള്ള വഴി ഈ ലോകത്തില്‍ വച്ചേറ്റവും പ്രിയ്യപ്പെട്ടതായിരുന്ന ഒരു കാലം. ഐച്ഛികമായ പല പ്രവര്‍ത്തനങ്ങളും അനൈച്ഛികമാകുന്ന ഒരു പ്രക്രിയയാണല്ലോ പ്രണയം. അതുകൊണ്ട് തന്നെ ഉള്ളിലെ സ്നേഹം പരസ്പരം അറിയിക്കുന്നതും  അനൈച്ഛികമായി തന്നെ നടന്നുകൊള്ളുമെന്നു ഞാന്‍ കരുതി. പക്ഷെ ഓരോ ഇടങ്ങളിലും നമ്മള്‍ക്കായ്‌ കൃത്യമായ സമയം അനുവദിച്ചിട്ടുണ്ട്, കണിശമായ ചില വിധികള്‍കൊണ്ട് അതിര്‍വരമ്പിട്ടിട്ടുണ്ട് ; ആരോ ഒരാള്‍.അതുകൊണ്ടാവാം പതിനൊന്നാം ക്ലാസില്‍ വച്ച് അത്രമേല്‍ ആവശ്യപ്പെട്ടിരുന്ന ഒരു നിമിഷത്തില്‍ എന്റെ പ്രണയം അവള്‍ക്കു മുന്‍പില്‍ അനാവൃതമാക്കാനുള്ള അവസാന അവസരവും നശിപ്പിച്ച് , ഒരു വാക്ക് പോലും പറയാനാവാതെ  ദൂരെയുള്ള സ്കൂളിലേക്ക് ഞാന്‍  അഡ്മിഷന്‍ വാങ്ങി പോയത്.
ദൂരത്തിന്റെ കാര്യം അക്ഷരാര്‍ത്ഥത്തില്‍  ഇന്ന് ശരിയാവുകയാണ്.
5-B യില്‍ നിന്ന് 5 D യിലേക്കുള്ള ദൂരത്തില്‍ അവളുണ്ട്.
ഒരു C ദൂരത്തില്‍.
അതെ ഒരു കടല്‍ ദൂരത്തില്‍..!


                                ഇനി അവളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ വെളിച്ചം വീശാന്‍ അവളുടെ ഭര്‍ത്താവുള്ളതു കൊണ്ട് തന്നെ ഞാന്‍ കയ്യിലെ വെളിച്ചമണച്ച്  തിരിച്ചു നടന്നു. എല്ലാത്തിനും കാരണം സിദ്ധേട്ടനാണ്. 'ദേഷ്യം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ' എന്ന നിലയിലായപ്പോള്‍ ഞാന്‍ പൊട്ടി തെറിച്ചു.
''സിദ്ധേട്ടാ..തെണ്ടീ..
തന്റെയൊരു അവിഞ്ഞ ഫിലോസഫി. ജീവിതം ബിയറ് പോലെയാണ്. ഹോപ്പ്  വേണം കോപ്പ് വേണം. എല്ലാം തകര്‍ത്തപ്പോള്‍ സമാധാനമായല്ലോ. ഞാന്‍ പോണു. ഇനി ഒരു പരിപാടിക്കും എന്നെ വിളിക്കേണ്ട.''

''അനിയാ നില്‍..!
ഫിലോസഫി ഒന്നും തെറ്റിയിട്ടില്ല. പക്ഷെ അന്നൊരു കാര്യം പറയാന്‍ വിട്ടു പോയ്‌. ഹോപ്പ് ചേര്‍ക്കുന്നത് ബിയര്‍ കേടായി പോകാതിരിക്കാന്‍ മാത്രമല്ല, ബിയറിന്റെ ആ കയ്പ്പ് രസം, അല്ലെങ്കില്‍ ആ ചവര്‍പ്പ് രസം കൊടുക്കുന്നത് ഇവനല്ലേ! നീയൊന്നാലോചിച്ചു നോക്ക്യേ, ആ ഒരു ചവര്‍പ്പ് രസം ഇല്ലെങ്കില്‍ പിന്നെ ബിയറിനു എന്താ ഒരു രസം ? , വെറും വെയിസ്റ്റ്!
അതുകൊണ്ട് മോനേ, ജീവിതത്തില്‍ പ്രതീക്ഷകള്‍ സമ്മാനിക്കുന്നത് പലപ്പോഴും കയ്പ്പും ചവര്‍പ്പും തന്നെയാവും. പക്ഷെ അതിനൊരു സുഖം ഇല്ലേ? ലഹരി ഇല്ലേ?
ഡാ കന്നാലീ..അതില്ലണ്ട് എന്തൂട്ട് ബിയറ്..? എന്തൂട്ട് ജീവിതം..?''

''ആഷാനേ...!!!!''

31 comments:

അനൂപ്‌ .ടി.എം. said...

ഭാനുപ്രിയയെ പോലെ സുന്ദരിയായ കണ്ണൂരിലെ മോട്ടല്‍ ആരാം നിശീഥിനികള്‍ക്ക് ചിയേര്‍സ്..!!

ജംഷി said...

അപ്പൊ നീ ആത്മകഥ എഴുതാനും തുടങ്ങിയല്ലേ,എന്തായാലും നന്നായി ഇനി ഘട്ടം ഘട്ടമായി എഴുത്,വേറെ ഒന്നും വേണ്ട നിന്നെ പറ്റിച്ചു പോയ കൊച്ചുങ്ങളെക്കുറിച്ച് മാത്രം മതി ( ബോയിംഗ് ബോയിംഗ് എന്ന സിനിമയില്‍ ജഗതിയോട് പറയുന്നില്ലേ .......!)
എഴുത്ത് നന്നായി.സംഗതികളൊക്കെ വന്നു പിന്നെ ഷഡ്ജം നീ പണ്ടേ ഇടാറില്ലാലോ അല്ല അതൊരു കുറവല്ല ..............

.5-B യില്‍ നിന്ന് 5 D യിലേക്കുള്ള ദൂരത്തില്‍ അവളുണ്ട്.
ഒരു C ദൂരത്തില്‍.
അതെ ഒരു കടല്‍ ദൂരത്തില്‍..!...(ഇത് നിന്റെ കവിതകളുടെ ഒരു ചുവയുണ്ടുട്ടോ,കിടിലന്‍)

ഇ.എ.സജിം തട്ടത്തുമല said...

“നാദസ്വരമേളം തുടങ്ങി. ഈ ലോകത്തിലെ ഏറ്റവും അരോചകമായ സംഗീതം അതാണെന്നെനിക്ക്‌ തോന്നി. “

നന്നായിട്ടുണ്ട്; എഴുതി തകർക്കനിയാ!

Sanesh Naramkulangara said...

Beer polula Jeevitham Gambiramay.......onnichu ozhichal pathanju varunnathukond, nammal pathiye cherichu pidichukondalle beer glassil ozhikar??

athraye ullu jeevithavum.........prashnangal pathiye kurachu kurachaay neridan sremiku suhurthe ... onnichu thalayil eti pathanju kalayaruth.........

കിങ്ങിണിക്കുട്ടി said...

നന്നായിട്ടുണ്ട്

- സോണി - said...

"5-B യില്‍ നിന്ന് 5 D യിലേക്കുള്ള ദൂരത്തില്‍ അവളുണ്ട്.
ഒരു C ദൂരത്തില്‍.
അതെ ഒരു കടല്‍ ദൂരത്തില്‍..!"
വേറിട്ട്‌ നില്‍ക്കുന്ന നല്ല പുതുമയുള്ള വരികള്‍.
"മുഖത്തുനിന്നു വാ വഴി വാക്കുകളുടെ കാറോടിതുടങ്ങി" ഈ ഭാഗവും പുതുമയുള്ളതാണ്.

ആദ്യഭാഗത്ത് ഭാഷ അത്ര സുഖം തോന്നിയില്ല. പിന്നീട് അതങ്ങു ശരിയായി. "ഒരു കൊച്ചുകുട്ടിയുടെ അച്ഛനും വിവാഹിതനുമാണ്" എന്ന് കേട്ടാല്‍, ഒരു കൊച്ചുകുട്ടിയുടെ അച്ഛനായ ശേഷമാണ് വിവാഹിതനായതെന്നു തോന്നും.
എന്തായാലും പ്രതീക്ഷിക്കാതിരുന്ന സമയത്ത് കല്യാണപ്പെണ്ണായിട്ടായാലും പഴയ കാമുകിയെ ഒന്നുകൂടി കാണാന്‍ പറ്റിയില്ലേ?

ഭാനുപ്രിയയുടെ അല്പം കൂടി നല്ല ഫോട്ടോ കൊടുക്കാമായിരുന്നു.

ജംഷി said...

"ഒരു കൊച്ചുകുട്ടിയുടെ അച്ഛനും വിവാഹിതനുമാണ്"

ഈ വാചകം നര്‍മത്തിന്റെ രസതന്ത്രം നന്നായി വശമുള്ള ഒരാള്‍ക്ക്‌ മാത്രം വഴങ്ങാവുന്ന ഒന്നായിട്ടാണ് എനിക്ക് തോനുന്നത്

ചെറുത്* said...

അനിയാ നില്‍‍ നില്‍‍

കഥ തുടങ്ങിയപ്പൊ അതിന്‍‍റെ പോക്ക് ഇങ്ങനൊരു ഫ്ലാഷ്‍ബാക്കിലേക്കാണെന്ന് തോന്നിയേ ഇല്ല. സാധാരണ പഴയ പ്രണയ സീനുകളില്‍ നിന്ന് വ്യത്യസ്ഥമായൊരു ഷോട്ടാണ്‍ ഇത്. അതും കല്യാണമണ്ഢപത്തില്‍. ഈ ബിയറെന്ന് പറയുന്ന സംഭവത്തെ ഇങ്ങനേം ഉപയോഗിക്കാം അല്യോ! ഫിലോസഫി ജോറായിട്ടാ ഗഡീ.
ഗുഡ്ഡായിണ്ട്. :)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കൊള്ളാലോ... ഇനിയിപ്പോ ബിയരടിച്ചു തുടങ്ങേണ്ടി വരുമോ ജീവിതം എന്തെന്ന് അറിയാന്‍?
നല്ല സൃഷ്ടി.

ചാണ്ടിച്ചന്‍ said...

അങ്ങനെ പ്രണയിനിയുടെ കല്യാണത്തിന് ലൈറ്റടിച്ചവന്‍ എന്ന പേരുദോഷം ബാക്കി...

ശാലിനി said...

ബിയറിനും ഉണ്ടൊരു ഫിലോസഫി... :) ദൈലൈലാമ ആള് കൊള്ളാല്ലോ ;)
നര്‍മം രുചിച്ചു.. കുറച്ചു കൂടെ നന്നാക്കാം :)

junaith said...
This comment has been removed by the author.
junaith said...

സംഗതി കലക്കി...."സര്‍വകലാശാലയിലെ" സിദ്ദനെ ഓര്‍മ്മിപ്പിച്ചു....

ഞാന്‍ said...

5B യില്‍ നിന്നും 5D യിലേക്കുള്ള
കടല്‍ ദൂരം കണ്ട നീ ആ ദൂരത്തിനിടയില്‍ നിന്ന (നിന്റെതാകാമായിയിരുന്ന)കരളിനെ(C) കണ്ടില്ല. അതാണ്‌ കാഴ്ചയുടെ മനശാസ്ത്രം. വേണ്ടത് വേണ്ട സമയത്ത് കാണില്ല.കടലും കരളും ഒരുപോലെ
നമ്മുടെ ഭാവം അത് പ്രതിഫലിപ്പിക്കും
കരളേന്നു കുടലിനെ നോക്കി വിളിച്ചാലും കടലിനെ നോക്കി വിളിച്ചാലും ഒരുപോലെ............
എഴുത്ത് നന്നായി .........
ഞാന്‍ അസൂയപ്പെട്ടിട്ട് ഒരുകാര്യവുമില്ല........
ഈ കഴിവ് ....ഉണ്ടാക്കി എടുക്കാവുന്നതായിരുന്നെന്കില്‍ എന്ന് ആശിക്കുന്നു. നന്മ ആശംസിക്കുന്നു.

നരേന്‍..!! (Sudeep) ;) said...

പണ്ട് ശബരിമലയില്‍ പോകുന്നവണ്ടി കോഴിക്കോട് ശ്രീമണി ബാറിന്റെ മുന്നിലെത്തി.അപ്പൊ പതിവുപോലെ ശരണം വിളി മുഴങ്ങി “ ശ്രീമണികണ്ഠാ....!!! “ ശരണം പൊന്നയ്യപ്പാ” എന്ന് ഏറ്റു വിളിക്കേണ്ടതിനു പകരം ആരോ വിളിച്ചത്രേ..”ശ്രീമണി കണ്ടു,വരുമ്പൊ കേറാം..” ശ്രീമണി ബാര്‍ ഓര്‍മ്മിപ്പിച്ച ഒരു തമാശ.അനൂപ് നന്നായിട്ടുണ്ട്.കഥ ഇഷ്ടമായി

ponmalakkaran | പൊന്മളക്കാരന്‍ said...

അപ്പോ ലൈറ്റടി തുടങ്ങി അല്ലേ.. നടക്കട്ടെ.

ജീവി കരിവെള്ളൂര്‍ said...

സീൻ പിടുത്തവുമായി നടന്നാ ഇങ്ങനെ ചെല ഗുണങ്ങളുമുണ്ടല്ലോ .
പിന്നെ മദ്യപാനം ആരോഗ്യമുള്ളവർക്ക് ഹാനികരമാണല്ലോ ;)

രമേശ്‌ അരൂര്‍ said...

അനൂപേ ..വളരെ മനോഹരമായി എഴുത്ത് .ക്രമത്തില്‍ അടുക്കിവച്ച ഫ്രെയിമുകള്‍ പോലെ ചേരുംപടിയുള്ള വാചകങ്ങള്‍ ..നിനക്ക് എഴുത്തിന്റെ രഹസ്യ കോഡ് ലഭിച്ചിട്ടുണ്ട് എന്ന് അറിയുന്നതില്‍ സന്തോഷം ..:)

ഉമേഷ്‌ പിലിക്കോട് said...

കലക്കി മച്ചാ... നീ ഇനിയും ലൈറ്റ് പിടിക്കാന്‍ പോണം !! ഈ ബ്ലോഗ്‌ നിന്റെ സങ്കടങ്ങളുടെ പെരുമഴയില്‍ നനയണം (നാട്ടിലെ പെണ്പില്ലേറെ നോക്കാന്‍ പാടില്ല എന്ന് പറയുന്നത് ഇത് കൊണ്ടാ ) എന്നിട്ട ബിയര്‍ അടിക്കുമ്പോ എന്നേം വിളി !!

ആശംസകള്‍ !!

the man to walk with said...

കലക്കീട്ടാ .ഇപ്പോഴും ഹോപ്‌ ഉണ്ടാവണം ..
നല്ല സ്കോപ് ഉള്ള കഥ
ആശംസകള്‍

arun said...

kollam........
nannayittundu........

ഒരു ദുബായിക്കാരന്‍ said...

അനൂപേ,
സംഗതി കലക്കി ..പോസ്റ്റിന്റെ പേരും കൊള്ളാം "ബിയറു പോലൊരു ജീവിതം".

ഭായി said...

പല വരികളും രസിപ്പിച്ചു.

##മിന്നല്‍ ആദ്യവും ഇടി പിന്നെയുമാണല്ലോ##
ഹ ഹ ഹ അതുതന്നെ സംഭവിച്ചു അല്ലേ..?! :)

ente lokam said...

അനൂപ്‌ എന്തിനാട നിനക്ക് ജോലി ?..

ഇങ്ങനെ ബിയര്‍ അടിച്ചു നടന്നാല്‍ പോരെ ..എന്താ കിടിലന്‍ പഞ്ചുകള്‍ ...

ബിയര്‍ തന്നവന്റെ കൈക്ക് കൊത്തരുത് ...

കലക്കി മച്ചൂ ....

"ഇനി ഇപ്പൊ ഇടിയെ പേടിക്കണ്ട മിന്നലിനു പിന്നാലെ
അത് വരില്ല..എന്തെ ?ഇടി, മിന്നല്‍ഏറ്റു മരിച്ചു ...പത്രത്തിലെ
വാര്‍ത്ത ..

(ടിന്റു മോന്‍ joke ആണ്‌ kettto ..ഫ്രം ബ്ലോഗ്ഗര്‍ ഷിബു എന്നാണ് orma)..

മിന്നല്‍ പോലെ ലൈറ്റ് പിടിച്ച കാര്യം കണ്ടപ്പോള്‍ ഓര്‍ത്തു പോയി ....

...sijEEsh... said...

ഹൃദയത്തിന്റെ മൈലേജ് മിനുട്ടില്‍ 72 ല്‍ നിന്നും 80 ലോട്ട് ഉയര്‍ന്നു. :) രസിച്ചു വായിച്ചു

അനൂപ്‌ .ടി.എം. said...

ജംഷീ , സ്വന്തം കല്ല്യാണത്തിനു പോലും ഷഡ്ജം ഇട്ടിട്ടില്ല, പിന്നാ ഇപ്പോം..:)
സജീം , നന്ദി...:)
സനേഷേ ,ഉമ്മ..:)
കിങ്ങിണി കുട്ടീ , നന്ദി..:)
സോണീ , വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദി..:)
ഭാനുപ്രിയയുടെ ഇതിലും ഭംഗിയുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു, ബട്ട്‌ ഇത്തിരി പ്രശ്നമാ..:)
ചെറുത് , ഈ നല്ല വായനയ്ക്ക് നന്ദി..:)
തിരൂര്‍ സര്‍ , സന്തോഷം..:)
ചാണ്ടിച്ചാ , അതെ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി..:( സുഖല്ലേ ?
ശാലിനി , നന്ദി, ശ്രമിക്കാം..:)
ജുനൈദ്ക്ക , നന്ദി..:)

Pranavam Ravikumar a.k.a. Kochuravi said...

ഇഷ്ടപ്പെട്ടു.. ആശംസകള്‍!

രഞ്ജിത് said...

ഹാ..ഹാ...അടിപൊളി...അനിയന്റെ വിഷമം അറിഞ്ഞു ചിരിക്കുന്ന മഹാപാപി ഒന്നും അല്ല ഞാന്‍ ഒരു പക്ഷെ അവസാനത്തെ ആശാനേ വിളി എത്തിയിരുന്നില്ലെന്കില്‍ സത്യമായും ഒരു ബിയര്‍ താങ്കളുടെ പൈസക്ക് ഞാന്‍ ഒഫെര്‍ ചെയ്തേനെ...പക്ഷെ ആ വിളി ചതിച്ചനിയാ..അതില്‍ ഞാനെന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയെ ഓര്‍ത്തുപോയി......ഹാ,..ഹാ..നല്ല ഭാഷ ..നല്ല വിവരണം...എഴുതുക ഒപ്പം ഉണ്ട്....

reema said...

ബിയറിന്റെ ചവര്‍പ് ഉണ്ടെങ്കിലും സഖാവിന്റെ അനുഭവങ്ങള്‍ അത്യന്തം രസകരം...
ആരാന്റെ അമ്മക് പ്രാന്തായാലും കാണാന്‍ നല്ല ചന്തമാണല്ലോ..
സിദ്ധെട്ടന് നന്ദി ......
ഇനിയും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..

vavaji said...

5 -B യില്‍ നിന്നും 5 -D യിലേക്കുള്ള വഴി ഈ ലോകത്തില്‍ വച്ചേറ്റവും പ്രിയ്യപ്പെട്ടതായിരുന്ന ഒരു കാലം.

എല്ലാവര്ക്കും കാണും ഇങ്ങനെ ചില ഗതകാല തരള സ്മൃതികള്‍ ....

വളരെ മനോഹരം

vavaji said...

5 -B യില്‍ നിന്നും 5 -D യിലേക്കുള്ള വഴി ഈ ലോകത്തില്‍ വച്ചേറ്റവും പ്രിയ്യപ്പെട്ടതായിരുന്ന ഒരു കാലം.

എല്ലാവര്ക്കും കാണും ഇങ്ങനെ ചില ഗതകാല തരള സ്മൃതികള്‍ ....

വളരെ മനോഹരം